മാന്യരെ,
ഭാഗ്യക്കുറി തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ലക്ഷ്യം വെച്ച് 2008-ൽ ഇടതു മുന്നണി സർക്കാർ രൂപീകരിച്ച കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേനിധി ബോഡ് വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ക്ഷേമ ബോഡിന്റെ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായത് സ്ഥാപക ചെയർമാൻ ശ്രീ. എം.വി. ജയരാജന്റെ ഭാവനാ പൂർണ്ണമായ ഇടപെടലുകളാണ്.
ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാത്തിൽ വന്ന ശേഷം ലോട്ടറി മേഖലക്ക് ഉണർവ്വേകി കൊണ്ട് ഒട്ടേറെ തീരുമാനങ്ങൾ കൈ കൊണ്ടിട്ടുണ്ട്. വിറ്റുവരവിന്റെ 42% സമ്മാനങ്ങൾ നൽകിയിരുന്നത് 52% ആയി വർദ്ധിപ്പിച്ചു. 50 രൂപ വിലയുണ്ടായിരുന്ന 4 ടിക്കറ്റുകൾക്ക് 30 രൂപയായി വില കുറച്ചു. പതിനെട്ട് പുതിയ സബ് ഓഫീസുകൾ പ്രവർത്തനമാരംഭിച്ചു.
കാരുണ്യ ചികിത്സ പദ്ധതിയിലൂടെ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 579 കോടി രൂപ പാവങ്ങളായ 51,551 പേർക്ക് ചികിത്സക്കു വേണ്ടി നൽകിക്കഴിഞ്ഞു. ഇതിന്റെയെല്ലാം ഭാഗമായി സംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവ് പതിനായിരം കോടി രൂപയിലെത്തുകയാണ്.
ഈ കോടിക്കണക്കിനു രൂപ സർക്കാർ ഖജനാവിൽ ശേഖരിച്ചെത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി നിരവധി സഹായങ്ങളാണ് ബോഡ് വഴി നൽകിവരുന്നുത്.
പ്രതിമാസം 500 രൂപയുണ്ടായിരുന്ന പെൻഷൻ 1,100 രൂപയായി വർധിപ്പിച്ചു. 5,500 രൂപ ഇത്തവണ ഉത്സവ ബത്ത നൽകി. വിവാഹധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ അവാർഡുകൾ, മരണാനന്തര സഹായം എന്നിവയും അംഗങ്ങൾക്ക് നൽകി വരുന്നുണ്ട്്. ഇതെല്ലാം നിലവിലുള്ളതിനെക്കാൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുൺ്. കൂടാതെ രണ്ട്് ജോഡി വീതം യൂണിഫോം, അംഗപരിമിതരായവർക്ക് മുച്ചക്ര സ്‌കൂട്ടർ, ബീച്ച് അമ്പ്രല്ല എന്നിവയും അംഗങ്ങൾക്ക് നൽകാനൊരുങ്ങുകയാണ്.
ഇതിനു പുറമെ ഈ വർഷം മുതൽ അംഗങ്ങൾക്കും കുട്ടികൾക്കും വേണ്ടി കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഈ പദ്ധതികളാകെ നടപ്പിലാക്കുന്നത് ഭാഗ്യക്കുറിയുടെ മൊത്തം വിറ്റുവരവിന്റെ ഒരു ശതമാനം തുക  സർക്കാർ ബോർഡിന് നൽകുന്നത് ഉപയോഗിച്ചാണ്.
ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ സഹായസഹകരണങ്ങളാണ് ബഹു.കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഭാഗത്തു നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭാവി പ്രവർത്തനങ്ങൾക്ക് ബോർഡ് അംഗങ്ങൾ, സർക്കാർ പ്രതിനിധികൾ, ട്രേഡ് യൂണിയനുകൾ, ജീവനക്കാർ തുടങ്ങി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹാഭിവാദനങ്ങളോടെ,
പി.ആർ.ജയപ്രകാശ്
ചെയർമാൻ.