കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി ബോർഡ്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടേയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡ്. 2008 ലെ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ആക്ട് പ്രകാരം ആണ് നിലവിൽ വന്നത്.
നാല് ഔദ്യോഗിക അംഗങ്ങളും ഏഴ് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനൊന്ന് അംഗങ്ങളാണ് ക്ഷേമനിധി ബോർഡിൽ ഉളളത്. നികുതി വകുപ്പ് സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ സെക്രട്ടറി, തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എന്നിവരാണ് നാല് ഔദ്യോഗിക അംഗങ്ങൾ. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടേയും പ്രതിനിധികളായി സർക്കാർ ഉത്തരവ് പ്രകാരം നിയമിക്കപ്പെടുന്ന ഏഴുപേർ അനൗദ്യോഗിക അംഗങ്ങളുടെ സ്ഥാനം വഹിക്കുന്നു. ഏഴ് അനൗദ്യോഗിക അംഗങ്ങളിൽ നിന്നും ഒരാളെ സർക്കാർ ഉത്തരവ് പ്രകാരം ബോർഡിന്റെ ചെയർമാനായി നിയമിക്കുന്നു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടറാണ് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം വഹിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ (ഭാഗ്യക്കുറി വകുപ്പിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസർ) നേതൃത്വം വഹിക്കുന്ന ഹെഡ് ഓഫീസും, 14 ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർമാർ (ഭാഗ്യക്കുറി വകുപ്പിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്ന അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാർ)നേതൃത്വംവഹിക്കുന്ന 14 ജില്ലാ ക്ഷേമനിധി ഓഫീസുകളും പ്രവർത്തിച്ചുവരുന്നു.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആകെ വിറ്റുവരവിന്റെ ഒരുശതമാനം വരുന്ന തുക ക്ഷേമനിധിയിലേക്കുളള സർക്കാർ സംഭാവന ഇനത്തിൽ നൽകണമെന്ന് ക്ഷേമനിധി ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആകെ വിറ്റുവരവിന്റെ ഒരുശതമാനം വരുന്ന തുക ക്ഷേമപദ്ധതിയിലൂടെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഏജന്റുമാരുടെയും വിൽപ്പനക്കാരുടേയും ഉന്നമനത്തിനായി സർക്കാർ നീക്കി വയ്ക്കുന്നുണ്ട്.
പ്രതിമാസം 10,000 രൂപയുടെ അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയിൽ കുറയാത്ത തുകയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങി വിൽപ്പന നടത്തുന്ന ഏജന്റ്/വിൽപ്പനക്കാരന് പ്രതിമാസം 50 രൂപ അംശാദായം ഒടുക്കി ക്ഷേമനിധി അംഗത്വമെടുക്കാം. തുടർന്ന് പ്രതിമാസം 50 രൂപ വീതം അംശാദായ തുക ഒടുക്കി അംഗമായി തുടരുവാനും സാധിക്കും. രണ്ടായിരത്തോളം അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ച ക്ഷേമനിധി ബോർഡിൽ നിലവിൽ അമ്പതിനായിരത്തിലധികം അംഗങ്ങളുണ്ട്.
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ക്ഷേമനിധി അംഗങ്ങൾക്ക് ആശുപത്രിയിൽ കിടന്നുളള ചികിത്സയ്ക്ക് വാർഷിക പരമാവധി 3,000 രൂപ വരെ ചികിത്സാധനസഹായം നൽകുന്ന പദ്ധതി, ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ തേടുന്ന അംഗങ്ങൾക്ക് 20,000 രൂപ വരെ ചികിത്സാധനസഹായം നൽകുന്ന പ്രത്യേക ചികിത്സാ പദ്ധതി, ക്ഷേമനിധിയിലെ അംഗങ്ങളുടെ പെൺമക്കൾക്കും വനിതാ അംഗങ്ങൾക്കും 5,000 രൂപ വിവാഹധനസഹായം നൽകുന്ന പദ്ധതി, ക്ഷേമനിധിയിലെ വനിതകളായഅംഗങ്ങൾക്ക് 5,000 രൂപ പ്രസവാനുകൂല്യം നൽകുന്ന പദ്ധതി, ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠനത്തിന് 25,000 രൂപ വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി, എസ്.എസ്.എൽ.സി. ഹയർസെക്കന്ററി തലത്തിൽ വിജയം നേടുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്ന പദ്ധതി, മരണപ്പെടുന്ന ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്ക് സ്വാഭാവികമരണത്തിന് 50,000 രൂപയും അപകടമരണത്തിന് 1,00,000 രൂപയും ധനസഹായം നൽകുന്ന മരണാനന്തര ധനസഹായ പദ്ധതി എന്നീ ആനുകൂല്യങ്ങളോടൊപ്പം പെൻഷൻ, കുടുംബപെൻഷൻ, അവശതാപെൻഷൻ എന്നീ പെൻഷൻ ആനുകൂല്യങ്ങളും ക്ഷേമനിധി പദ്ധതി വിജ്ഞാപനപ്രകാരം അനുവദിച്ചുവരുന്നു.
ഇവ കൂടാതെ സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വർഷവും ഓണം അലവൻസ് ഇനത്തിൽ അംഗങ്ങൾക്കും പെൻഷൻകാർക്കും സർക്കാർ നിർദ്ദേശിക്കുന്ന തുക അനുവദിച്ചുവരുന്നു. 2011-12 ൽ 2.82 കോടി രൂപയുടെയും 2012-13 ൽ 6.00 കോടി രൂപയുടെയും 2013-14 ൽ 7.08 കോടി രൂപയുടെയും 2014-15-ൽ 10.02 കോടി രൂപയുടെയും 2015-16 ൽ 14.4 കോടി രൂപയുടെയും ആനുകൂല്യങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് അനുവദിച്ചു. 2016-17 ൽ ഇതുവരെ 23 കോടി രൂപയുടെ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. അതിൽ 17 കോടി രൂപ സർക്കാർ ഉത്തരവ് പ്രകാരം 2016 ലെ ഓണം അലവൻസ്് ഇനത്തിൽ അംഗങ്ങൾക്കും പെൻഷൻകാർക്കും വിതരണം ചെയ്തു.